സ്ഥാപനങ്ങൾ

ഔഷധി

ഇന്ത്യയിലെ ആയുര്‍വേദ മരുന്നുകളുടെ ഏറ്റവും വലിയ ഉല്‍പാദകര്‍

ആഗോളരാജ്യങ്ങള്‍ക്കിടയില്‍ കേരളത്തിന്‍റെ പെരുമ വിളിച്ചോതപ്പെടുന്നത് ഹരിതാഭയില്‍ കുളിച്ച പ്രകൃതി ഭംഗിയുടെ മാത്രം കരുത്തിലല്ല. അതിനൊപ്പം തന്നെ വിദേശികള്‍ ഉള്‍പ്പടെയുള്ളവരെ കേരളത്തിന്റെ മണ്ണിലെത്തിച്ചതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട് ഇവിടത്തെ ആയുര്‍വേദ ചികിത്സ. ലോകോത്തര നിലവാരത്തിലുള്ള അത്യാധുനിക ചികിത്സകള്‍ ലഭ്യമാകുന്നിടങ്ങളില്‍ നിന്നുള്‍പ്പടെ നിരവധിയാളുകള്‍ കേരളത്തില്‍ പറന്നിറങ്ങുന്നത് ഇവിടെ ലഭ്യമാകുന്ന ചികിത്സയുടെ മേന്മ കൊണ്ട്തന്നെയാണ്.

ആയുര്‍വേദ ചികിത്സയ്ക്കും സേവനങ്ങള്‍ക്കും മറ്റുമായി നിരവധിയായ സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവയുടെയെല്ലാം നിലവാരം വ്യത്യസ്തങ്ങളാണ്. എന്നാല്‍ ആയുര്‍വേദ രംഗത്ത് പതിറ്റാണ്ടുകള്‍ നീണ്ട മികച്ച സേവനത്തിലൂടെ സര്‍ക്കാര്‍ സംരംഭമായ ഔഷധി, ആയുര്‍വേദ ചികിത്സാ രംഗത്തിന്റെ മുഖഛായ തന്നെ മാറ്റിയെഴുതുകയാണ്.

ആയുര്‍വേദ മരുന്നുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഉത്പാദകരാണ് ഔഷധി. കാലമിത്രയും മിതമായ ലാഭം മാത്രമെടുത്ത് ബാക്കി സേവനത്തിനായി വിനിയോഗിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് ഔഷധി തുടര്‍ന്നുവന്നിട്ടുള്ളത്. ജിഎംപി, ഐഎസ്ഒ 9001-2008 അംഗീകാരമുള്ള സ്ഥാപനം 450 ഓളം ആയുര്‍വേദ വിധിക്കൂട്ടുകള്‍ തയ്യാറാക്കുന്നുണ്ട്.

ഇവയെല്ലാം തന്നെ ഉന്നത നിലവാരത്തിലും സുരക്ഷിതമായ ചിട്ടകളിലും തയ്യാറാക്കുന്നതിനാല്‍ തന്നെ പാര്‍ശ്വഫലങ്ങളെ പറ്റി ഭയപ്പെടേണ്ടതില്ല. ഇവിടെ നിന്നും നിര്‍മിക്കുന്ന മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ അന്യസംസ്ഥാനങ്ങളിലേക്കും കയറ്റിഅയക്കുന്നുണ്ട്.

മധ്യപ്രദേശ്, പോണ്ടിച്ചേരി, രാജസ്ഥാന്‍, ഒറീസ, ന്യൂഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം ഔഷധിയുടെ ഉപഭോക്താക്കളാണ്. ആയുര്‍വേദ വിധിപ്രകാരം തയ്യാറാക്കുന്ന വിവധങ്ങളായ ഉത്പന്നങ്ങള്‍ ഔഷധി വിപണിയിലെത്തിക്കുന്നുണ്ട്. അരിഷ്ടം, ഭസ്മ സിന്ദൂരം, ഗുളികകള്‍, കഷായം, സൂഷ്മ ചൂര്‍ണം, ലേഹ്യം, തൈലങ്ങള്‍ തുടങ്ങി നിരവധിയായ ഉത്പന്നങ്ങളാണ് ഔഷധിയില്‍ നിന്നും പുറത്തിറങ്ങുന്നത്. ഇതിനെല്ലാം ആവശ്യമായി വരുന്ന ഔഷധ സസ്യങ്ങള്‍ ഔഷധിയുടെ തന്നെ കൃഷിയിടങ്ങളില്‍ വളര്‍ത്തിയെടുക്കുന്നതാണ്.

എന്തും വിഷമയമായെത്തുന്ന ഇക്കാലത്ത് അതിന് പ്രസക്തിയേറെയാണ്. കട്ടനെല്ലൂരിലും പരിയാരത്തുമായി രണ്ട് നഴ്‌സറികളിലായാണ് ഇവിടത്തെ ഔഷധകൃഷി വ്യാപിച്ചിരിക്കുന്നത്. കുട്ടനെല്ലൂരില്‍ 15 ഏക്കറിലും പരിയാരത്ത് 50 ഏക്കറിലുമായാണ് കൃഷി വിന്യസിക്കപ്പെട്ടിരിക്കുന്നത്.


 

Tags
Show More

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close